Home | Articles | 

Roni ottathil
Posted On: 15/12/19 09:26
ഗാഡലൂപ്പാ മാതാവിന്റെ അത്ഭുത ചിത്രം, ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ നമുക്ക് കാണാൻ ശ്രമിക്കാം

 

ടൂറിൻ തിരുക്കച്ചയെക്കുറിച്ചും, തിരുക്കച്ചയുടെ ഏറ്റവും പ്രസിദ്ധമായ ‘നെഗറ്റീവ് സ്വഭാവ’ത്തെക്കുറിച്ചും കേട്ടിട്ടുണ്ടാവുമല്ലോ? ഇനിയും വിശദീകരങ്ങൾ സംലഭ്യമല്ലാത്ത മറ്റനേകം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു പ്രഹേളികയാണ് ടൂറിൻ കച്ച.
ഏതാണ്ട് ഇതുപോലെതന്നെയുള്ള ഒരു മഹാത്ഭുതമാണ് കന്യാമറിയത്തിന്റെ ചിത്രം അത്ഭുതകരമായി പതിഞ്ഞിരിക്കുന്ന ഗ്വാഡലൂപ് മാതാവിന്റെ അത്ഭുതചിത്രം.

‘അത്ഭുതചിത്രം’ എന്നല്ലാതെ മറ്റൊരു വിശേഷണം അസാധ്യമാകുമാറ് വളരെയധികം സമസ്യകൾ ഒളിഞ്ഞിരിക്കുന്നതാണിത്. അനേക വർഷങ്ങൾ ഈ അത്ഭുതചിത്രം സംബന്ധിച്ച ധാരാളം പഠനങ്ങൾ അപഗ്രഥിക്കുവാനുള്ള സാഹചര്യം ഉണ്ടായതിന്റെ വെളിച്ചത്തിൽ, കണ്ടെത്തിയവയിൽ ചുരുക്കം ചില കാര്യങ്ങൾ പങ്കുവയ്ക്കാമെന്നു കരുതുന്നു.

ഗ്വാഡലൂപ് അത്ഭുതചിത്രത്തിൻറെ ചരിത്രത്തെക്കുറിച്ച് ആദ്യം പറയട്ടെ? പതിനഞ്ചാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ (1495) കൊളമ്പസ്സിന്റെ അമേരിക്കാ സന്ദർശനത്തെത്തുടർന്ന്, പതിനാറാം നൂറ്റാണ്ടിൻറെ ആരംഭത്തോടെ തെക്കേ അമേരിക്കയിലെത്തിയ മിഷനറിമാർ അവിടെ കുറേക്കാലം സുവിശേഷ പ്രഘോഷണം നടത്തിയെങ്കിലും വളരെയധികം മാനസാന്തരങ്ങളൊന്നും അവർക്കവകാശപ്പെടാനില്ലായിരുന്നു. ഒരുപക്ഷെ വളരെ ശക്തമായ മായൻ ഇന്ത്യൻ മതങ്ങളുടെ സ്വാധീനവും, സ്പെയിൻകാരായ യൂറോപ്യന്മാരുടെ ക്രൂരത അനുഭവിക്കാനിടയായതുമൊക്കെ ഇതിനു കാണങ്ങളായിരുന്നിരിക്കാം.

മാനസാന്തരം സംഭവിച്ച ചുരുക്കം ഇന്ത്യക്കാരിലൊരുവനായിരുന്ന യുവാൻ ഡിയെഗോ 1531 ഡിസംബറിലെ ഒരു തണുത്തുറഞ്ഞ ദിവസം, മഞ്ഞുമൂടിക്കിടക്കുന്ന ഉന്നതശൃംഗമായ റ്റെപ്പായക് മലനിരകൾക്കടുത്തുകൂടി നടന്നുപോകുകയായിരുന്നു. വഴിതടഞ്ഞുനിൽക്കുന്ന പ്രൗഢമനോഹാരിയായ ഒരു സ്ത്രീയെ കണ്ടപ്പോൾ അതൊരു രാജവനിതയാണെന്നാണ് അദ്ദേഹം കരുതിയത്. അത്തരക്കാർക്ക് തന്നെപ്പോലുള്ള ആദിവാസികളുമായി സംസർഗ്ഗം ഇഷ്ടപ്പെടാൻ വഴിയില്ലെന്നറിയാമായിരുന്ന ഡിയെഗോ വഴിമാറിപ്പോകാൻ ശ്രമിച്ചു. എന്നാൽ അവൾ ആധികാരികമെങ്കിലും വളരെ സൗമ്യയായി, താൻ യഥാർത്ഥത്തിൽ ഡിയെഗോയെ കാത്തു നിൽക്കുകയായിരുന്നു എന്നറിയിച്ചു. എന്നുമാത്രമല്ല, തൻറെ ഒരു പ്രത്യേക ദൂതുമായി യുവാൻ ഡിയെഗോ, തദ്ദേശത്തെ സ്പെയിന്കാരനായ ബിഷപ്പ് യുവാൻ സമാരഗയെ ചെന്നുകാണണമെന്നും, ഇപ്പോൾ താൻ നിൽക്കുന്ന ഇതേ സ്ഥലത്തുതന്നെ ഒരു ബസിലിക്ക പരി. കന്യകാമാതാവിൻറെ നാമത്തിൽ പണികഴിക്കണമെന്ന് ആവശ്യപ്പെടണമെന്നും നിർദ്ദേശിച്ചു.
അമ്പരന്നുപോയ ഡിയെഗോ പല ഒഴികഴിവുകളും പറയാൻ ശ്രമിച്ചെങ്കിലും ആ പ്രൗഢവനിതയുടെ സ്‌നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ ബിഷപ്പിനെ കാണാൻ പുറപ്പെട്ടു. പ്രതീക്ഷിച്ചിരുന്നതുപോലെതന്നെ വളരെയധികം കാത്തിരുന്നതിനുശേഷമാണ് അദ്ദേഹത്തിന് ബിഷപ്പിനെ കാണാൻ സാധിച്ചതെന്നുമാത്രമല്ല, ഡിയെഗോയുടെ സന്ദേശത്തിന് വലിയ സ്വീകാര്യത കിട്ടിയതുമില്ല.

ഡിയെഗോയെ പരീക്ഷിക്കുന്നതിനോ, പരിഹസിക്കുന്നതിനോയെന്നറിയില്ല, പിറ്റേദിവസം വീണ്ടും കാണാമെന്നറിയിച്ചിരുന്ന കന്യകാമറിയത്തോട് വളരെ അസാധാരണമായ ഒരാവശ്യം ഉന്നയിക്കുവാനും സ്പെയിന്കാരനായ ബിഷപ്പ് യുവാൻ സമാരഗ നിർദ്ദേശിച്ചു. സ്‌പെയിനിലെ കാസ്റ്റീലിൽ, വസന്തകാലത്തുമാത്രം ഉണ്ടാകുന്ന, റോസാപുഷ്പങ്ങൾ തനിക്ക് അടയാളമായി നൽകണമെന്ന് മാതാവിനോട് ആവശ്യപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം (അതും ഈ ശിശിരകാലത്തിൻറെ പാരമ്യത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന റ്റെപ്പായക് മലമുകളിൽ)!
തലേദിവസം കണ്ട അതെ സ്ഥലത്തുവച്ചതന്നെ കണ്ടുമുട്ടിയ മാതാവിനോട് ബിഷപ്പിന്റെ ആവശ്യം ഉന്നയിച്ച യുവാനോട്, മലയുടെ ഏറ്റവും മുകളിലേക്ക് കയറിച്ചെന്ന് അവിടെ അവൻ കണ്ടെത്തുന്ന റോസാപ്പൂക്കൾ പറിച്ചെടുത്ത് തന്റെയടുത്തു മടങ്ങിവരാൻ പരി. കന്യക അറിയിച്ചപ്പോൾ, ഒരുപക്ഷെ ഈ വിദേശവനിതയുടെ തദ്ദേശത്തിന്റെ ഭൂമിശാസ്ത്രപരമായ അജ്ഞാനത്തെക്കുറിച്ച് അവൻ അത്ഭുതപ്പെട്ടിട്ടുണ്ടാകാം!

ഏതായാലും മലമുകളിലെത്തിച്ചേർന്ന യുവാന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല: അവൻ പ്രതീക്ഷിച്ചിരുന്നതുപോലെ മഞ്ഞുകൂനകളായിരുന്നില്ല, പ്രത്യത ചുവന്ന പട്ടുവിരിച്ചതുപോലെ മലമുകൾപ്പരപ്പ് കാണാനാവാതെ കാസ്റ്റീലിയൻ റോസാപ്പൂക്കളായിരുന്നു മലമൂടികിടന്നിരുന്നത്.
അന്തം വിട്ടുപോയ യുവാൻ ആദിവാസികൾ സാധാരണ ധരിക്കാറുള്ള മാഗയ്‌ കള്ളിമുള്ളുചെടിയുടെ നാരുകൾ നെയ്തുണ്ടാക്കുന്ന ‘റ്റിൽമ’ എന്നറിയപ്പെടുന്ന പുറംകുപ്പായം നിലത്തുവിരിച്ച് അതിൽനിറയെ പൂക്കൾ ഒടിച്ചുനിറച്ച്, അതൊരു ഭാണ്ഡമായി ചുമന്ന്, മലയടിവാരത്തിൽ കാത്തുനിൽക്കുമെന്ന് വാക്കു പറഞ്ഞ കന്യകയുടെ അടുത്തേക്ക് ബഹുസന്തോഷത്തോടെ ചെന്നു. അവളാകട്ടെ ആ പൂക്കൾ ഒന്നുക്കൂടി ഒരുക്കിയടുക്കി, റ്റിൽമകൊണ്ട് പൊതിഞ്ഞതിനുശേഷം, ഇനിയിത് ബിഷപ്പിൻറെ സവിധത്തിൽ മാത്രമേ തുറക്കുവാൻ പാടുള്ളൂ എന്നൊരു നിർദ്ദേശവും കൊടുത്തയച്ചു.

പ്രത്യേകിച്ചൊന്നുംതന്നെ സംഭവിക്കുകയില്ല എന്ന ഭാവത്തിലിരുന്ന ബിഷപ്പിന്റെ മുൻപിൽ അദ്ദേഹം തന്റെ റ്റിൽമ ചുരുൾ നിവർത്തിയ നിമിഷം ബിഷപ്പും കൂടെയുണ്ടായിരുന്നവരും മുട്ടിന്മേൽ വീണു: അസാദ്ധ്യ കാലാവസ്ഥയിലും ഭൂപ്രദേശത്തും കാസ്റ്റീലിയൻ റോസാപ്പൂക്കൾ കണ്ടതായിരുന്നില്ല പ്രത്യുത,അവരാരും അതുവരെയും കണ്ടിട്ടില്ലാതിരുന്ന ധാരാളം പ്രത്യേകതകളോടുകൂടിയ പരി. കന്യകയുടെ ഒരവർണ്യമനോഹരചിത്രം ആ റ്റിൽമയിൽ പതിയപ്പെട്ടതായിരുന്നു അവരെ അത്ഭുതപരതത്രരാക്കിയത്!
മാതാവ് ആവശ്യപ്പെട്ടതനുസരിച്ചുതന്നെ ഒരു മനോഹര ദേവാലയം ‘സിയേറ മാദ്രെയിൽ’ (മാതാവിന്റെ പർവ്വതം Mother Mountains) പണികഴിപ്പിക്കുകയും, ഈ അത്ഭുതചിത്രം അവിടെ വയ്ക്കുകയും ചെയ്തു.

മാഗയ് കള്ളിച്ചെടിയുടെ നാരുകൾകൊണ്ടുണ്ടാക്കിയ ‘റ്റിൽമ’ സാധാരണയായി വളരെ സൂക്ഷിച്ചുപയോഗിച്ചാൽപോലും പത്തുപന്ത്രണ്ട് വർഷങ്ങൾകൊണ്ട് നശിച്ചുപോകും എന്നറിയാമായിരുന്നതിനാൽ, ചിത്രത്തിന് പ്രത്യേക സംരക്ഷണമാർഗ്ഗങ്ങളൊന്നും അവലംബിച്ചിരുന്നില്ല. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അതിലുമെത്രയോ വര്ഷം കഴിഞ്ഞതിനുശേഷവും മേലങ്കി നശിച്ചില്ലെന്നുമാത്രമല്ല, ചിത്രത്തിന് മിഴിവ് കൂടിക്കൂടി വന്നതേയുള്ളുതാനും.
ഇതുതന്നെ ഒരത്ഭുതമായിരുന്നതുകൊണ്ട് കൂടുതലാളുകൾ റ്റിൽമ കാണുന്നതിനും വണങ്ങുന്നതിനുമായി എത്തുവാൻ തുടങ്ങി. എന്നുമാത്രമല്ല, മിഷനറിമാർ അനേക വർഷം കിണഞ്ഞുശ്രമിച്ചിട്ടും സുലഭമല്ലാതിരുന്ന മാനസാന്തരം അത്ഭുതകരമായി സംഭവിക്കുകയും, ലാറ്റിനമേരിക്ക പെട്ടന്നുതന്നെ മാനസാന്തരവിധേയമാകുകയും ചെയ്തു.

പന്ത്രണ്ടുവർഷങ്ങൾക്കുള്ളിൽ നശിച്ചുപോകുമെന്നു കരുതിയിരുന്ന ആ കച്ച നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അത്ഭുതകരമായി ഒരു കേടും കൂടാതെ നിലനിൽക്കുന്നു. അന്നുമുതൽ ഇന്നുവരെ ധാരാളം അതിസൂക്ഷ്മങ്ങളായ പരീക്ഷണനിരീക്ഷണങ്ങൾക്ക് ഈ ചിത്രം വിധേയമായിട്ടുണ്ട്. ഓരോ പുതിയ പഠനവും, അതുവരെ വെളിവാക്കപ്പെടാതെ ചിത്രത്തിൽ ഒളിഞ്ഞു കിടന്നിരുന്ന മഹാരഹസ്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവയെല്ലാം വിവരിക്കുകയെന്നത് വിസ്താരഭയത്താൽ അസാധ്യമായതിനാൽ അത്തരത്തിലുള്ള കുറച്ച് കാര്യങ്ങൾമാത്രം, ചുരുക്കമായി, നമുക്കൊന്ന് കാണുവാൻ ശ്രമിക്കാം.
മഗായ് കള്ളിച്ചെടികൊണ്ടുണ്ടാക്കിയ വസ്ത്രങ്ങൾ 12-15 വർഷങ്ങൾക്കുള്ളിൽ പിഞ്ഞിപ്പോകുമെന്നും എന്നാൽ 486-ൽ അധികം വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു കേടുമില്ലാതെ നിലനിൽക്കുന്നു എന്നതും നാം മുൻപേ കണ്ടതാണല്ലോ?

അതുകൂടാതെ, പല വിദഗ്ധരുടെയും അഭിപ്രായത്തിൽ ഇതൊരു ‘ജീവനുള്ള’ ചിത്രമാണ്. പല ചിത്രങ്ങളെക്കുറിച്ചും അവയുടെ ചാരുത അടിസ്ഥാനമാക്കി ഇപ്രകാരം പറയാറുണ്ടെങ്കിലും, ഇത് അപ്രകാരത്തിലുള്ള അഭിപ്രായമല്ല മറിച്ച്, ശാസ്ത്രീയമായ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുപറയുന്നതെന്ന് മാത്രം.
വിവിധ വിഭാഗം ശാസ്ത്രജ്ഞർ ബഹുവിധങ്ങളായ പഠനങ്ങൾ നടത്തുന്നതിനിടയിൽ, പരിശോധനാസംഘത്തിലെ ഒരു ഡോക്റ്റർ ഒരു സ്റ്റെതസ്കോപ് ചിത്രത്തിലെ മാതാവിൻറെ അരക്കച്ചയുടെമേൽ വച്ചു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മിനിറ്റിൽ 115 ഹൃദയമിടിപ്പുകൾ വീതം അദ്ദേഹത്തിന് കേൾക്കുവാൻ സാധിച്ചു. പൂർണ്ണവളർച്ചയെത്തിയ ഒരു മനുഷ്യന് സാധാരണയായി 60 മുതൽ 90 ഹൃദയമിടിപ്പുകൾ വരെയാണുണ്ടാകുക എന്നറിയാമല്ലോ? എന്നാൽ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പുകളാകട്ടെ 115 മുതൽ 160 വരെയായിരിക്കും. കൂടെപ്പറയട്ടെ, 140-നു താഴെയാണ് ഹൃദയമിടിപ്പുകളെങ്കിൽ അതൊരാൺകുട്ടിയും, മുകളിലാണെങ്കിൽ പെണ്കുട്ടിയുമായിരിക്കുമെന്നാണ് മായൻ സമൂഹങ്ങളിൽ നിലനിൽക്കുന്ന ഒരു വിശ്വാസം! മറ്റു വാക്കുകളിൽ പറഞ്ഞാൽ ഉണ്ണിമിശിഹാ ഗര്ഭാവസ്ഥയിൽ ആയിരിക്കുമ്പോൾ പരിശോധിക്കാനുള്ള ഭാഗ്യം ആ ഡോക്റ്റർക്ക് ലഭിച്ചു എന്നുപറയാം!

സാധാരണഗതിയിൽ മനുഷ്യശരീരത്തിന് മുറിവേറ്റാൽ ചിലപ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ മുറിവുണങ്ങുകയും സൗഖ്യം ഉണ്ടാകുകയും ചെയ്യുക എന്നത് അസാധാരണമല്ലെങ്കിലും, ഒരു ചിത്രത്തിന് കേടുപറ്റിയാൽ അത് തനിയെ കേടുപോക്കും എന്നുകരുതുന്നതിന് നിർവാഹമില്ലല്ലോ? എന്നാൽ, 1791-ൽ കച്ചയുടെ വലത് മുകൾ ഭാഗത്ത് ഹൈഡ്രോക്ളോറിക് ആസിഡ് വീണ് കുറച്ചു ഭാഗം കത്തിദ്രവിച്ചു പോയി. പ്രത്യേകം എന്തെകിലും ചെയ്യാതെതന്നെ 30 ദിവസങ്ങൾ കൊണ്ട് കച്ചയിലെ രൂപത്തിന്റെ ഭാഗത്ത് തുണിനാരുകൾ അത്ഭുതകരമായി പൂർവ്വസ്ഥിതിയിലായി. എന്നാൽ ചിത്രത്തിനു പുറത്തുള്ള കച്ചയുടെ ഭാഗത്ത് അതിന്റെ ചെറിയപാടുകൾ ഇന്നും കാണാം!
ഫ്ലോറിഡാ യൂണിവേഴ്സിറ്റിയിലെ റിസേർച്ച് ബയോ ഫിസിസിസ്റ്റായ ഡോ. ഫിലിപ് കാലാഹാൻ 1979-ൽ ഇൻഫ്രാറെഡ് വിദ്യ ഉപയോഗിച്ച് പഠിക്കുമ്പോൾ കച്ചയുടെ ഊഷ്മാവ് എല്ലായ്‌പ്പോഴും 98.6 ഡിഗ്രി ഫാരെൻഹെയ്റ്റ് ആണ് എന്ന് കണ്ടെത്തി. (ഇത് ജീവനുള്ള മനുഷ്യശരീരത്തിൻറെ താപമാണെന്നറിയാമല്ലോ?)

1929-ൽ ബസിലിക്കയുടെ ഔദ്യോഗീക ഫോട്ടോഗ്രാഫറായ അൽഫോൻസോ മാർക്യൂ, കന്യാമറിയത്തിന്റെ വലതുകണ്ണിൽ താടി നീട്ടിവളർത്തിയ ഒരാൾരൂപത്തിൻറെ പ്രതിഫലനം കണ്ടെത്തിയെങ്കിലും ഈ വിവരം രഹസ്യമാക്കി വയ്ക്കാൻ അധികൃതർ അദ്ദേഹത്തോടാവശ്യപ്പെട്ടു. പിന്നീട് 1951 മെയ് 29-ന് ഹോസെ കാർലോസ് സാലിനാസ് ഷാവേസ് ഇതേ പ്രതിഫലനം ഇടതുകണ്ണിലും കണ്ടെത്തി. അന്നുമുതൽ ഇരുപതോളം അതിപ്രഗത്ഭ നേത്രശാസ്ത്ര വിദഗ്ദർ ഈ കണ്ണുകളെ അതിസൂക്ഷ്മ പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്.
അവരിൽപ്പെട്ട ഡോ. റഫായേൽ തോറിയ ലാവോയിനെറ്റ് ചിത്രത്തിലെ മാതാവിൻറെ കണ്ണുകളിൽ ജീവനുള്ള മനുഷ്യൻറെ കണ്ണുകളുടെ എല്ലാ ലക്ഷണങ്ങളും കണ്ടെത്തി. ജീവനുള്ള കണ്ണുകളിൽ വെളിച്ചം തട്ടുമ്പോൾ നേത്രാന്തര പടലം (retina) ചുരുങ്ങുകയും, മങ്ങിയ വെളിച്ചത്തിൽ വികസിക്കുകയും ചെയ്യും.

ഡോ. ഹാവിയർ തോറോയാ ബുവേനോ ജീവനുള്ള എല്ലാ മനുഷ്യനേത്രങ്ങളുടെയും പ്രത്യേകതയായ triple reflection അഥവാ Samson-Purkinje effect ചിത്രത്തിൻറെ കണ്ണുകളിലും കണ്ടെത്തി. (വളരെ മങ്ങിയ വെളിച്ചമുള്ളപ്പോൾ നീലയും പച്ചയും നിറത്തിലുള്ള വസ്തുക്കൾ ചുവപ്പിനേക്കാൾ തെളിഞ്ഞുകാണും എന്നതാണ് Samson-Purkinje effect-ൻറെ തത്വം)
1979-ൽ കോർണൽ യൂണിവേഴ്സിറ്റിയിലെ ഡോ. ഹോസെ ആസ്റ്റി ടോൺസ്‌മെൻ നടത്തിയ പഠനങ്ങളുടെ വിശദശാംശങ്ങൾ അദ്ദേഹം തൻറെ “El Secreto de sus Ojos” (The Secret in the Eyes) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പറയുന്നതനുസരിച്ച്, അദ്ദേഹം IBM-ൽ ആയിരുന്നപ്പോൾ നടത്തിയ പഠനങ്ങളിലൊന്നിൽ ചിത്രത്തിലെ കണ്ണുകൾ 2,500 മടങ്ങു വലുതാക്കി (magnify) പഠനവിധേയമാക്കി. അപ്പോൾ, ജീവനുള്ള ഒരു കണ്ണിലേക്കു നോക്കിയാൽ അതിൽ എങ്ങനെ പ്രതിഫലനങ്ങളുണ്ടാകുമോ അതുപോലെതന്നെ, ഉണ്ടാവേണ്ട അതെ അനുപാതത്തിൽത്തന്നെ, 13 മനുഷ്യരൂപങ്ങൾ പ്രതിഫലിച്ചുകണ്ടു.

അനേകം ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഒരു ജീവനുള്ള വ്യക്തിയുടെ മുൻപിൽ ആ ആൾക്കാർ യാഥാർത്ഥത്തിൽ നിന്നാൽ കണ്ണുകളിൽ പ്രതിഫലനമുണ്ടാകുന്ന അതെ ഭാഗത്തും, കണ്ണുകളുടെ കോർണിയയുടെ വളവിനനുസരിച്ച് എങ്ങനെയാണോ വരേണ്ടത് അതുപോലെതന്നെയും, അതെ വലിപ്പത്തിലുമാണ് ഈ രൂപങ്ങൾ പ്രതിഫലിച്ചു കാണുന്നത്.
യുവാൻ ഡിയേഗോ, ബിഷപ്പ് യുവാൻ സുമരാഗ, യുവാൻ ഗോൺസാലസ്, പരിഭാഷകൻ, എന്നിവരെ കൂടാതെ ഒരു കുടുംബത്തെയുമാണ് മറിയത്തിന്റെ കണ്ണുകളിൽ പ്രതിഫലിച്ചു കാണുന്നതത്രെ. തന്നെയുമല്ല, ഡിയാഗോ കച്ച ബിഷപ്പിന്റെ മുൻപിൽ ചുരുൾ നിവർത്തിയ നിമിഷങ്ങളാണ് ഈ പ്രതിഫലങ്ങളിൽ കാണുന്നതെന്നും പറയപ്പെടുന്നു.
= = = = = = = =
🔥ഇനി ചിത്രത്തിന്റെ മറ്റുചില പ്രധാന സവിശേഷതകൾ നമുക്ക് കാണാൻ ശ്രമിക്കാം.

നാം മുൻപ് കണ്ട ഡോ. ഫിലിപ് കാലഹൻ, ഇൻഫ്രാ റെഡ് ഫോട്ടോഗ്രഫിയുപയോഗിച്ച നടത്തിയ പഠനങ്ങളിൽ ചിത്രരചനയ്ക്കുള്ള സ്കെച്ച്, രൂപത്തിന്റെ അളവുകൾ അടയാളപ്പെടുത്തിയത്, സംരക്ഷണത്തിനുള്ള വാർണീഷ് എന്നിങ്ങനെ സാധാരണ ഒരു ചിത്രത്തിലുള്ളതൊന്നും കാണാനില്ല.

പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രകാരൻ പ്രാഥമീക സ്കെച് വരയ്ക്കാതെ ഒരു ഛായാചിത്രം വരയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലുമാകില്ല. പൗരാണീക കാലം (Antiquity) മുതൽ മൈക്കലാഞ്ചലോയും ഡാവിഞ്ചിയും വരെ ഇങ്ങനെ മാത്രമാണ് ചിത്രരചന നടത്തി വന്നത്.

മാത്രമല്ല, കടും വൈഡൂര്യനീലനിറം വളരെപ്പെട്ടന്ന് മങ്ങിപ്പോകുന്നതാണ്, പ്രത്യേകിച്ച് ഉഷ്ണമേഖലയിൽ. നീല നിറമുള്ള മായൻ ഇന്ത്യൻ ചിത്രങ്ങളെല്ലാം വളരെ മങ്ങിപ്പോയിരിക്കുന്നു. റ്റിൽമയിലെ നീലക്കച്ചയാകട്ടെ കഴിഞ്ഞയാഴ്ച്ച പ്രതിഷ്ഠിച്ചാലെന്നതുപോലെ തിളങ്ങി നിൽക്കുന്നു.

കൂടാതെ ബ്രഷിൻറെ പാടുകളും, അറിയപ്പെടുന്ന ഏതെങ്കിലും മൂലകങ്ങളുടെ അംശങ്ങളും ചിത്രത്തിലില്ല. ജോൺ പോൾ രണ്ടാമൻ പാപ്പാ ചിത്രത്തെക്കുറിച്ച് പറഞ്ഞ, “ഈ ലോകത്തിന്റെതല്ലാത്ത ബ്രഷുകൾകൊണ്ട് രചിക്കപ്പെട്ട ചിത്രം” എന്ന വിശേഷണം പൂർണ്ണമായും അന്വർത്ഥമാകുന്നു ഇവിടെ.

കാലഹൻ ലെയ്സർ വെളിച്ചത്തിൽ കച്ച പരിശോധിച്ചപ്പോൾ കച്ചയുടെ ഏതെങ്കിലും പുറത്ത് നിറങ്ങൾ (colouration) കാണാനില്ല എന്ന അത്ഭുത സത്യം കണ്ടെത്തി. യഥാർത്ഥത്തിൽ രൂപം കച്ചയെ സ്പർശിക്കാതെ, കച്ചയിൽ നിന്നും 3/10 മില്ലീമീറ്റർ അകലത്തിൽ, വായുവിൽ, ‘പറന്ന്’ (float) നിൽക്കുകയാണ് എന്നതാണ് സത്യം!

അതേസമയം, ചിത്രത്തോട് 3-4 ഇഞ്ചുകൾ അടുത്തുനോക്കിയാൽ നിറങ്ങൾ അപ്രത്യക്ഷമാകും.

കൊഡാക്ക് (മെക്സിക്കോ) കമ്പനി നടത്തിയ പഠനത്തിൽ രൂപത്തിന് ഒരു ആധുനീക ഫോട്ടോയുടേതുപോലെ മിനുസ്സമാർന്ന പ്രതലമാണ് എന്ന് കണ്ടെത്തി. (ഫോട്ടോഗ്രാഫി കണ്ടുപിടിക്കുന്നതിനു 300 വർഷങ്ങൾക്കുമുൻപ്!)

ചിത്രകാരന്മാരും ഫോട്ടോഗ്രാഫർമാരും എത്ര ശ്രമിച്ചിട്ടും യഥാതഥമായ ഒരു കോപ്പി സൃഷ്ടിക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്.

ചിത്രത്തെ സൂക്ഷിച്ചു നോക്കിനിക്കുന്ന പക്ഷം, നിർവ്വചനം അസാധ്യമായ എന്തോ ഒരു സവിശേഷതമൂലം, ചിത്രം വലിപ്പം വയ്ക്കുന്നതുപോലെയും, നിറങ്ങൾ മാറി മറയുന്നതുപോലെയും തോന്നുമത്രെ!

മെക്സിക്കോ നാഷണൽ യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്രജ്ഞനായ അഡോൾഫോ ഒറോസ്‌കോയുടെ നിഗമനമനുസരിച്ച് (2009) റ്റിൽമ പലപ്പോഴായി പലരും സൃഷ്ടിക്കാൻ ശ്രമിച്ച അതിന്റെ കോപ്പികളുമായി മാറ്റുരയ്ക്കുമ്പോൾ, താരതമ്യം പോലും അസാധ്യമാകുമാറ് ഉജ്വലമാണ്.

1788-ൽ നിരീശ്വരവാദിയായ ഹോസെ ഇനാസിയോ മഗായ് കള്ളിച്ചെടി കൊണ്ടുണ്ടാക്കിയ വസ്ത്രത്തിൽ ഒരു തനി പ്രതിബിംബം വരച്ചു, ചില്ലുകൂട്ടിലാക്കി, ചിത്രത്തിനടുത്തു തന്നെ സ്ഥാപിച്ചു. വരച്ചപ്പോൾ അതിമനോഹരമായിരുന്ന ഹോസേയുടെ ചിത്രം 7 വർഷങ്ങൾ കഴിഞ്ഞപ്പോൾ തിരിച്ചറിയാനാവാത്തവിധം നശിച്ചുപോയതുകൊണ്ട്, 1796 ജൂൺ 8 ന് എടുത്തുമാറ്റേണ്ടിവന്നു!

അതേസമയം, 116 വർഷങ്ങളോളം ഇൻഫ്രാ റെഡ്, അൾട്രാ വയലറ്റ് തുടങ്ങിയവയുടെ റേഡിയേഷൻ കൂടാതെ, ഭക്തർ ചിത്രത്തിൻറെ മുൻപിൽ കത്തിച്ചിരിക്കുന്ന ദശലക്ഷക്കണക്കിന് മെഴുകുതിരികളുടെ ചൂടും പുകയും ഈർപ്പവും അതിന്റെ മാറ്റിന് ഒരു കേടും വരുത്തിയിട്ടില്ല എന്നത് വിശദീകരിക്കാനാവാത്ത പ്രതിഭാസമാണെന്ന് അഡോൾഫോ ഒറോസ്‌കോ പറയുന്നു.

രൂപത്തിൻറെ മറ്റൊരു പ്രത്യേകത അതിൽ മാതാവ് അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൻറെ ചിത്രപ്പണികളെന്ന് തോന്നുന്ന അലങ്കാരങ്ങൾ യഥാർത്ഥത്തിൽ ആകാശത്തിലെ നക്ഷ്ടത്രങ്ങളുടെ തനത് പ്രതിബിംബമാണ് എന്നതാണ്. ഡിസം. 12, 1531-ലെ താരാപഥത്തിന്റെ കൃത്യമായ പ്രതിഫലനമാണത്. ഇതാകട്ടെ ഭൂമിയിൽനിന്നും മുകളിലേയ്ക്ക് നോക്കുമ്പോൾ കാണുന്നതുപോലെയല്ല പ്രത്യത, നക്ഷത്രവിധാനങ്ങൾക്കപ്പുറത്തുനിന്നും ഭൂമിയിലേക്ക് നോക്കുമ്പോൾ കാണേണ്ടതുപോലെയാണ്! സ്വർഗ്ഗത്തിന്റെ കണ്ണുകൾകൊണ്ട് ഭൂമിയെ ദർശിക്കുമ്പോൾ കാണും വിധമാണ് സ്വർഗ്ഗം ഈ ചിത്രം വരച്ചതെന്നു സാരം!

1921-ൽ ഒരു മതതീവ്രവാദി 29 ഡൈനാമിറ്റുകൾ കൊണ്ടുണ്ടാക്കിയ ഒരു ബോമ്പ് രൂപത്തിനടുത്ത്, പൂക്കൾക്കിടയിൽ ഒളിപ്പിച്ചു വച്ച് പൊട്ടിച്ചപ്പോൾ 150 അടി ദൂരെയുള്ള മാർബിൾ അൾത്താര വരെ തകർന്നുപോയി. അൾത്താരയുടെ അങ്ങേവശത്തുണ്ടായിരുന്ന പിച്ചളക്കുരിശ്ശ് പോലും വളഞ്ഞുപോയി. ചുറ്റുപാടുമുള്ളതെല്ലാം തകർന്നപ്പോഴും കച്ചയ്ക്കും അത് സൂക്ഷിച്ചിരുന്ന ചില്ലുകൂടിനും പോറൽ പോലുമേറ്റില്ല എന്നത് മഹാത്ഭുതമല്ലെങ്കിൽ പിന്നെന്താണ്?

ഈ കാലഘട്ടത്തിൽ വെളിപ്പെടുത്തപ്പെട്ടാൽ മാത്രം സാംഗത്യമുള്ള ഒരു സത്യത്തിൻറെ ആലേഖനവും രൂപത്തിലുണ്ട്: ഒരു കുടുംബത്തെ അവളുടെ ദൃഷ്ടിയിലെ പ്രതിഫലനത്തിന്റെ പ്രഥമസ്ഥാനത്ത് നിറുത്തിയതിലൂടെ, ഇന്ന് കുടുംബങ്ങൾക്ക് മൂല്യം നഷ്ടപ്പെട്ടിരിക്കുമ്പോൾ മറിയം നൽകുന്ന സന്ദേശം ആനുകാലികവും, അതിപ്രധാനവുമാണ്. കൂടാതെ, ഒരു കുഞ്ഞിനെ വഹിക്കുന്ന ഒരമ്മയുടെ രൂപം ഇന്നത്തെ ഗർഭഛിദ്ര സംസ്കാരത്തിനെതിരായ മഹാസന്ദേശം കൂടിയാണ്.

ആധുനീക ശാസ്‌ത്രം ഇനിയും കൂടുതൽ ഉന്നതിയിലെത്തുമ്പോൾ കണ്ടെത്തേണ്ട അനേക രഹസ്യങ്ങൾ മറിയം തൻറെ ചിത്രത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന് ഇതുവരെയുള്ള അനുഭവത്തിൻറെ വെളിച്ചത്തിൽ നിസ്സംശയം അനുമാനിക്കാവുന്നതാണ്.
= = = = =

🔥THE MIRACULOUS IMAGE of our Lady of Guadalupe🔥

_Here are just a few from a long list of interesting facts about the Our Lady of Guadalupe image itself_:

🔅The image is proven to not be painted by human hands

🔅The image and fabric have miraculously lasted in its original condition for nearly 500 years

🔅The weak cactus fiber, of which the tilma was made, should have decomposed within 15-20 years of being woven

🔅No natural or animal mineral colorings, or paint, are found on the image

🔅The image itself is iridescent, which cannot be produced by hand

🔅Mary stands on a crescent moon, the same crescent moon in the sky on the day of her apparition

🔅Mary’s mantel is a constellation map, the same constellations in the sky as on the day of her apparition

🔅These constellations tell the story of the Gospel

🔅On her rose garment is a topographic map of the geographic location of her apparition

🔅On Mary’s neck is a small black cross, identifying her with the Catholic missionary priests

🔅Over her womb on her dress is a four-petal flower, the Aztec symbol of life and deity

🔅In the image Mary is “clothed with the sun” with “the moon at her feet” as described in Revelation 12:1

🔅A doctor once heard a heartbeat coming from the image through a stethoscope over the womb

🔅The eyes of the image have the refractory characteristics of human eyes

🔅The eyes, when examined through a microscope, reflect the images of the witnesses present at its unveiling, including Juan Diego and the bishop
NB
ഈ ലേഖനം തയ്യാറാക്കിയTotustuusfamily.blogspot എന്ന Blog നോടും ഇത് എനിക്കയച്ചു തന്ന എന്റെ FB Friend Dr.Royce Kurian നോടും കടപ്പാട്.
Article URL:Roniottathil.myparish.net   |